
പാലാ: ജനനം മുതൽ പഠനം വരെ പല കാര്യങ്ങളിലും ഒരേ വഴിയിലൂടെ സഞ്ചരിച്ച ഇരട്ട സഹോദരങ്ങൾ. ഒരേ മുറ്റത്ത് കളിച്ചുവളർന്നു, ഒരേ സ്കൂളിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചു. ഇപ്പോഴിതാ ഇരുവരും പൊലീസ് സബ് ഇൻസ്പെക്ടർമാരായതോടെ നാടിനും കുടുംബത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.
അതിരമ്പുഴ ഞരളിക്കോട്ടിൽ സണ്ണി-ഹെലൻ ദമ്പതികളുടെ മക്കളായ കിഷോർ സണ്ണിയും കിരൺ സണ്ണിയുമാണ് (31) ഈ ഇരട്ട താരങ്ങൾ. പ്ലസ് ടുവിൽ സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുത്തതിലും ഇരുവരും ഒരേ തീരുമാനത്തിലായിരുന്നു. സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയെങ്കിലും പഠനം പൂർത്തിയാക്കിയത് വ്യത്യസ്ത കോളജുകളിലായിരുന്നു. കിഷോർ എറണാകുളത്തും കിരൺ കോട്ടയത്തുമാണ് പഠിച്ചത്.
അഞ്ച് മിനിറ്റ് മാത്രം പ്രായവ്യത്യാസമുള്ള സഹോദരങ്ങളിൽ ഇളയവനായ കിഷോറാണ് ആദ്യം പൊലീസ് സേനയിലെത്തിയത്. മൂന്ന് വർഷം മുമ്പ് സർവീസിൽ പ്രവേശിച്ച കിഷോർ നിലവിൽ കിടങ്ങൂർ പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.
കഴിഞ്ഞ വർഷമാണ് കിരൺ സണ്ണി പൊലീസ് സേനയിൽ ചേർന്നത്. തൃശൂർ പൊലീസ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കിയ കിരൺ തിരുവനന്തപുരം റേഞ്ചിൽ ചുമതലയേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ ഒരേ കുടുംബത്തിലെ ഇരട്ട സഹോദരങ്ങൾ പൊലീസ് സബ് ഇൻസ്പെക്ടർമാരെന്ന നേട്ടവും സ്വന്തമാക്കി.
സർക്കാർ ജോലി എന്ന ലക്ഷ്യത്തോടെയാണ് എസ്.ഐ പരീക്ഷ എഴുതിയതെങ്കിലും പൊലീസ് ജോലി ഇപ്പോൾ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് കിഷോർ പറയുന്നു. പൊതുമരാമത്ത് വകുപ്പിൽനിന്ന് വിരമിച്ച പിതാവ് സണ്ണിയുടെയും രാമപുരം ഗവ. ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടായി വിരമിച്ച മാതാവ് ഹെലന്റെയും സേവനജീവിതമാണ് സഹോദരങ്ങൾക്ക് പ്രചോദനമായത്. അക്കൗണ്ടന്റ് കോഴ്സ് വിദ്യാർഥിയായ കിത്തുവാണ് ഇവരുടെ ഇളയ സഹോദരൻ.





